പത്തനംതിട്ട: ജില്ലാ നിയമ സേവന അഥോറിറ്റിയുടെയും വിവിധ താലൂക്ക് ലീഗല് സര്വീസ് കമ്മിറ്റികളുടെയും നേതൃത്വത്തില് പത്തനംതിട്ട കോടതി സമുച്ചയത്തില് നടന്ന ദേശീയ ലോക് അദാലത്തില് ജില്ലയിലെ വിവിധ കോടതികളിലായി 3,421 കേസുകള് തീര്പ്പാക്കി.
മജിസ്ട്രേറ്റ് കോടതിയില് പിഴ ഒടുക്കിത്തീര്ക്കാവുന്നവ, എംഎസിറ്റി, ബാങ്ക്, ബിഎസ്എന്എൽ, സിവില് വ്യവഹാരങ്ങള്, കുടുംബ തര്ക്കങ്ങള് തുടങ്ങിയ കേസുകളാണ് അദാലത്തില് തീര്പ്പാക്കിയത്.
വിവിധ കേസുകളിലായി 4,78,91,741 രൂപയുടെ തീര്പ്പാക്കലും 28,65,000 രൂപ വിവിധ ക്രിമിനല് കേസുകളില് പിഴയിനത്തില് ഈടാക്കുകയും ചെയ്തു (ആകെ 5,07,56,741 രൂപ).
ജില്ലാ നിയമ സേവന അഥോറിറ്റിയുടെ ചെയര്മാനും ജില്ലാ ജഡ്ജിയുമായ എൻ. ഹരികുമാര്, കോഴഞചേരി താലൂക്ക് നിയമ സേവന കമ്മിറ്റി ചെയര്മാനും അഡീഷണല് ജില്ലാ ജഡ്ജിയുമായ ഫിലിപ്പ് തോമസ്, ജില്ല നിയമ സേവന അഥോറിറ്റി സെക്രട്ടറി സിവില് ജഡ്ജ് (സീനിയര് ഡിവിഷന്) ആനി വര്ഗീസ് എന്നിവര് അദാലത്തിന് നേതൃത്വം നല്കി.
സബ് ജഡ്ജ് സി. ആര് രമ്യ, പത്തനംതിട്ട മുന്സിഫ് അഞ്ജലി ദേവി, ജുഡീഷല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റുമാരായ കാര്ത്തിക മോഹൻ, പി. നിജേഷ് കുമാര് എന്നിവര് അദാലത്തില് പങ്കെടുത്ത് കേസുകള് തീര്പ്പാക്കി.